
പുതിയൊരു രക്തഗ്രൂപ്പ് കൂടി കണ്ടെത്തി ശാസ്ത്രലോകം. ഇന്ത്യക്കാരിയായ സ്ത്രീയിലാണ് പുതിയ രക്തഗ്രൂപ്പ് കണ്ടെത്തിയിരിക്കുന്നത്. ക്രോമർ ബ്ലഡ് ഗ്രൂപ്പ് സിസ്റ്റത്തിന്റെ ഭാഗമായ ക്രിബ് (CRIB) ആന്റിജൻ രക്തഗ്രൂപ്പാണ് കർണാടകയിലെ കോലാർ സ്വദേശിനിയുടേത്. പേരിലെ CR എന്നത് ക്രോമറിനെ പ്രതിനിധീകരിക്കുന്നു. I എന്നത് ഇന്ത്യയും B എന്നത് ബംഗളുരുവിനെയും പ്രതിനിധീകരിക്കുന്നു.
സാധാരണമായി കണ്ടുവരുന്ന O Rh+ രക്തഗ്രൂപ്പാണ് ഈ സ്ത്രീയുടേത് എന്നായിരുന്നു നേരത്തേ വിശ്വസിച്ചിരുന്നത്. കോലാറിലെ ഒരു ആശുപത്രിയിൽ ഇവരെ ഹൃദയ ശസ്ത്രക്രിയയ്ക്കായി പ്രവേശിച്ചതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. എന്നാൽ ലഭ്യമായ ഒ പോസീറ്റീവ് രക്തമൊന്നും ഇവരുടെ രക്തവുമായി പൊരുത്തപ്പെടുന്നുണ്ടായിരുന്നില്ല.
തുടർന്നാണ് കൂടുതൽ പരിശോധനയ്ക്കായി ആശുപത്രി റോട്ടറി ബാംഗ്ലൂർ ടിടികെ ബ്ലഡ് സെന്ററിലെ അഡ്വാൻസ്ഡ് ഇമ്മ്യൂണോഹെമറ്റോളജി റഫറൻസ് ലബോറട്ടറിയിലേക്ക് കൈമാറി. ഇവിടെ നടത്തിയ അത്യാധുനിക സീറോളജിക്കൽ പരിശോധനകളിലാണ് ഇവരുടെ രക്തം പാന്റിയാക്ടീവ് ആണെന്നും ഒരു രക്ത സാമ്പിളുകളോടും പൊരുത്തപ്പെടുന്നില്ലെന്നും കണ്ടെത്തിയത്. അപൂർവ വിഭാഗത്തിൽ പെട്ടതോ പുതിയതോ ആയ രക്തഗ്രൂപ്പ് ആണെങ്കിലെ ഇത് സംഭവിക്കൂ. സ്ത്രീയുടെ 20 ഓളം ബന്ധുക്കളുടെ രക്ത സാമ്പിളുകൾ ഉപയോഗിച്ച് പരിശോധിച്ചെങ്കിലും ഒന്നും യോജിക്കുന്നതായിരുന്നില്ല. ഇതേ തുടർന്ന് വളരെ ശ്രദ്ധയോടെയാണ് ആശുപത്രി അധികൃതർ ഈ കേസ് കൈകാര്യം ചെയ്തത്. രക്തത്തിന്റെ ആവശ്യമില്ലാതെ തന്നെ അവരുടെ ശസ്ത്രക്രിയ പൂർത്തിയാക്കി.
രോഗിയുടെയും കുടുംബത്തിന്റെയും രക്തസാമ്പിളുകൾ യുകെയിലെ ബ്രിസ്റ്റലിലുള്ള ഇന്റർനാഷണൽ ബ്ലഡ് ഗ്രൂപ്പ് റഫറൻസ് ലബോറട്ടറിയിലേക്ക് (IBGRL) വിശദപരിശോധനയ്ക്കായി അയച്ചു. പത്ത് മാസം നീണ്ട വിപുലമായ ഗവേഷണത്തിലൂടെയും തന്മാത്രാ പരിശോധനയിലൂടെയുമാണ് ഇത് പുതിയ തരം രക്തഗ്രൂപ്പ് ആന്റിജനാണെന്ന് കണ്ടെത്തിയത്. 2025 ജൂണിൽ ഇറ്റലിയിലെ മിലാനിൽ നടന്ന ഇന്റർനാഷണൽ സൊസൈറ്റി ഓഫ് ബ്ലഡ് ട്രാൻസ്ഫ്യൂഷന്റെ (ISBT) 35-ാമത് റീജിയണൽ കോൺഗ്രസിലാണ് ഈ പ്രഖ്യാപനം നടത്തിയത്.











